---
title: "മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം"
english_title: "Mananthavady Airport Road Land Acquisition to be Expedited, Collector Issues Directions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373600/mananthavady-airport-road-land-acquisition-collector-meeting`"
published_at: "2026-07-21T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eb1eb0babc_1000184810.jpg"
keywords: ["Mananthavady", "Airport Road", "Kannur", "Land Acquisition", "P Vishnuraj"]
---

# മാനന്തവാടി- വിമാനത്താവളം റോഡ്; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

> **Lead Summary:** **കണ്ണൂർ**: മാനന്തവാടി - ബോയ്സ് ടൗൺ - മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലമേറ്റെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം.

## Article Content

**കണ്ണൂർ**: മാനന്തവാടി - ബോയ്സ് ടൗൺ - മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലമേറ്റെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം.

കളക്ട്രേറ്റിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡ് കടന്നുപോകുന്ന ഭാഗത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുപ്പും വില നിർണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.

ഇതിനായി നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ കൂടുതൽ പേരെ നിയോഗിക്കും. സർവേ നടപടികൾ വേഗത്തിലാക്കുന്നതിന് അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ സർവേ വിഭാഗവുമായി ചേർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും.

സർവേയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരെയും കൂടുതൽ ലഭ്യമാക്കും. കെ.ആർ.എഫ്.ബി യുമായി സഹകരിച്ച് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

എത്രയും വേഗം സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണത്തിന് കൈമാറണമെന്ന് കളക്ടർ നിർദേശിച്ചു. റവന്യു, സർവേ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

വിമാനത്താവളവുമായി ജില്ലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ പദ്ധതി വേഗത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373600/mananthavady-airport-road-land-acquisition-collector-meeting`)